ചിത്രശലഭങ്ങൾ പറക്കുന്ന വീട്

praveen home

അപൂര്‍വങ്ങളായ  ചില  അനുഭവങ്ങള്‍ ലഭിക്കുമ്പോഴുള്ള ആനന്ദം………

ആദിമധ്യാന്തങ്ങളില്ലാത്ത ഈ ഭൂഗോളത്തിന്റെ ഒരു കോണിൽ അധികമാരും കാണാത്ത ഒരു ബിന്ദുവിൽ ഒരു വീടുണ്ട്. ചിത്രശലഭങ്ങൾ പറക്കുന്ന വീട്.

നഗരവൽക്കരണത്തിന്റെ തിരക്കുകൾ മുറിച്ചു കടന്നു കുറച്ചുദൂരം ചെല്ലുമ്പോൾ, ദേശമുണ്ടായതെങ്ങനെ എന്ന് പറഞ്ഞുതരാൻ മുത്തശ്ശിപ്പുഴയൊന്ന്   ഓർമ്മ നശിക്കാതെ ഒഴുകുന്നൊരിടം. പുഴയുടെ കുളിരിനൊപ്പം  ഇത്തിരിദൂരം നടന്നാൽ  ചരിത്രത്തിലേക്ക് വഴിമാറാനൊരുങ്ങുന്ന നാട്ടുവഴിയൊരെണ്ണം നീണ്ടു ചെല്ലുന്നതു കാണാം.
ആ വഴി ചെന്നെത്തുന്നേടമാണ് ചിത്രശലഭങ്ങൾ പറക്കുന്ന വീട്.

മണ്ണിന്റെ നിറവും മണവുമുള്ള വീട്. മുറ്റം വെട്ടുകല്ലുകൊണ്ടു തിരിച്ചു മണൽ വിരിച്ചൊരുക്കിയിരിക്കുന്നു. ഇടതുവശത്തൊരു പിച്ചകം മാളികയിലേക്ക് പടർന്നു കയറി സുഗന്ധം പൊഴിക്കുന്നു. മണ്ണിന്റെ  മണവും  നിറവും അലിഞ്ഞു നിറഞ്ഞ വീട്.

സ്നേഹവും  കാരുണ്യവും  ഉടലാര്‍ന്നോരമ്മ  അകത്ത്. അമ്മയെ കാത്തു സൂക്ഷിച്ചു ജന്മപുണ്യം  പോലൊരു മകന്‍ പുറത്ത്. എനിക്ക്  വേണ്ടി അവന്‍ അവന്റെ  ജീവിതം  മറക്കുന്നു  എന്ന്  കണ്ണില്‍  സ്നേഹം  നിറച്ചു വച്ച് പരിഭവം  പറയുന്നു  അമ്മ.

ആയിരക്കണക്കിന്  പുസ്തകങ്ങളുടെ അപൂര്‍വ  ശേഖരം. വായന ബലവത്താക്കിയ മനസ്സും ചിന്തകളുമായി മകന്‍.

കരുത്തോടെ വളരുന്ന നടിച്ചില്‍ വകകള്‍ ചുറ്റും. തിങ്ങിനിറഞ്ഞ  പച്ചപ്പിന്റെ തണുപ്പരിച്ചു കയറുന്ന  വരാന്തയില്‍  ശീതീകരണ മുറിയുടെ കുളിര്‍മ്മ.

പടി കയറുമ്പോഴേ  ഒരു കറുത്ത  ചിത്രശലഭം  കണ്ണില്‍പ്പെട്ടിരുന്നു. യാദൃചികമെന്ന് കരുതി. കവിളില്‍ ഒന്നുരുമ്മി അത് മുറ്റത്തെ  പേരമരത്തിന്റെ  പച്ചപ്പിനിടയിലേക്ക് ഊളിയിട്ടുപോയി.

അകമുറിയില്‍ അമ്മയോട് സംസാരിക്കുമ്പോള്‍  അതാ അമ്മയുടെ  തോളരികില്‍ ഒരു മഞ്ഞ ചിത്രശലഭം! ജനല്‍ പടിയില്‍ ഒരു  വെള്ള. ഫാനിനു  മുകളില്‍  വീണ്ടും  കറുത്തോരാള്‍! ആരോ  പറഞ്ഞ  ശലഭങ്ങളുടെ ഈണം  മൂളല്‍  കേള്‍ക്കുന്നുണ്ടോ? കാതോര്‍ത്തു. ഭൌതീകമായ ശ്രവണപഥങ്ങള്‍ക്കപ്പുറം  അവ സ്വരം മൂളുന്നുണ്ടാവും. അത്  കേള്‍ക്കാന്‍  ഈ  ജന്മപുണ്യം  പോരാ എന്നുണ്ടാവും.

അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു. ശലഭങ്ങള്‍ പറന്നുകൊണ്ടും. ചിത്രശലഭങ്ങള്‍  പറക്കുന്നൊരു  വീട്! ശലഭങ്ങള്‍ക്ക് വേണ്ടത് പൂക്കളും  തേനും  മാത്രമല്ല! അവര്‍ സ്നേഹമുള്ള മനസ്സുകളെയും  തേടുന്നുണ്ട്. പ്രകൃതി മനുഷ്യന് നല്‍കിയ മനസ്സ് അവന്‍ പുറം മോടികളില്‍ സംസ്കരിച്ചെടുത്ത് കൃത്രിമഭംഗികള്‍ നല്‍കി  പ്രദര്‍ശന വസ്തുവാക്കി മാറ്റുമ്പോള്‍  നന്മയും,സ്നേഹവും, പൂക്കളും  ചിത്രശലഭങ്ങളും  അവനില്‍ നിന്നും അകന്നുപോകും.

വരാന്തയില്‍  ശലഭങ്ങളുടെ പൂക്കാലം. മകന് ചുറ്റും  ഓടിവന്ന്  തൊട്ടു  മറയുന്ന കുട്ടികളെപ്പോലെ  ശലഭങ്ങള്‍. സംസാരത്തിനിടയിലും  ഞാന്‍  അവ  പ്രത്യക്ഷപ്പെടുന്ന വഴി തിരഞ്ഞു. മറയുന്ന  വഴിയും  തിരഞ്ഞു. കേള്‍വിയ്ക്കെന്നപോലെ  ഭൌതീകമായ  കാഴ്ചകള്‍ക്കും  അതിരുകളുണ്ടല്ലോ.

മകന്‍  പറഞ്ഞു,

” ചേച്ചി…….

ഞാന്‍  mystery-കളുടെ  പുറകെ പോകുന്ന ആളല്ല. എല്ലാറ്റിനെയും മറ്റൊന്നായി കാണുന്ന ആ കല ഞാന്‍ ഉപേക്ഷിച്ചതും ആണ്. എങ്കിലും ഇത് രസമുള്ള ഒരു സുന്ദര അനുഭവം ആണ്. ഒരു പക്ഷെ ഈ അനുഭവം നമുക്കൊക്കെയും ഉണ്ടാവാം, ചേച്ചിക്കും.

എന്റെ കണ്‍ മുന്‍പില്‍ വളരെ അടുത്തായി പലപ്പോഴും (മിക്കപ്പോഴുംഉണ്ടോ? അറിയില്ല) ഒരു പ്രത്യേക ഇനം ചിത്രശലഭം ഉണ്ടാവും.  അത് കൊച്ചിയില്‍  M G Road-ല്‍ ആയാലും ഇവിടെ വീട്ടില്‍ ആയാലും … ചിലപ്പോള്‍ ട്രെയിനില്‍ വരെ. വെറും ചിത്രശലഭം അല്ല എന്ന് പറഞ്ഞല്ലോ..  വെള്ളയില്‍ ഒന്നോ രണ്ടോ കറുത്ത പുള്ളികളുള്ള തരം. എവിടെയും അവരാണ് വരുന്നത്. ഇങ്ങനെ വട്ടമിട്ടു നില്‍ക്കും. മനസ്സ് വളരെ നേര്മയില്‍ ഇരിക്കും കാലത്ത് അത് കൂടുതലായി കാണപ്പെടും എന്ന, ഒട്ടും mystic അല്ലാത്ത ഒരു നിരീക്ഷണവും ഉണ്ട്.”

ആ ശലഭങ്ങള്‍  അമ്മയെ  കാത്തുസൂക്ഷിക്കുന്ന  മകന്റെ  കാവല്‍ മാലാഖമാരായിരിക്കാനാണ്  സാധ്യത. ഈ ലോകം അസത്യങ്ങളിലും, അസുഖങ്ങളിലും, അമാനുഷികതയിലും  അഭിരമിക്കുമ്പോള്‍ അപൂര്‍വമായി  ദൈവം സ്വാംശം അലിയിച്ചു വിടുന്ന  പുണ്യജന്മങ്ങള്‍ക്ക്  കാവലിനയക്കുന്ന മാലാഖമാര്‍….

മുറ്റത്തെ  പേരമരം കൈനിറയെ, മടിനിറയെ മധുരമുള്ള പേരയ്ക്കകള്‍ തന്നു. പോരുമ്പോള്‍ തണുപ്പ് പടിക്കല്‍  വരെ തുണ വന്നു. ശലഭങ്ങളുടെ  ചിറകടിയൊച്ചകള്‍ അകത്തെ മണ്‍ തറയോടുകളില്‍ തട്ടി മുഴങ്ങുന്നുണ്ടോ?

(ഈ വീട്  എതാണെന്ന  ചോദ്യം ചോദ്യമായിത്തന്നെ നിര്‍ത്തുവാന്‍  ആഗ്രഹിക്കുന്നു. ഈ  വീട്  അറിയാവുന്നവര്‍ ദയവായി പബ്ലിക്കില്‍ അത്  പോസ്റ്റ്‌ ചെയ്യാതിരിക്കുക. അവരുടെ പ്രൈവസിയെ മാനിക്കുക.)

ഹരിപ്പാട് സരസ്വതിയമ്മ

Devoose

2005 ലാണ്, അവധിക്ക് നാട്ടിലെത്തിയപ്പോൾ , കോളാത്ത് അമ്പലത്തിൽ തോഴുവാനായി ചെന്നപ്പോളാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ടീച്ചറിനെ കാണുന്നത്. നടപ്പന്തലിൽ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു അവർ. നീല സാരിയും ചന്ദനക്കുറിയും. കണ്ണുകളിൽ അഗാധമായ ഏതോ ദുഃഖവും ആവാഹിച്ച് നടയിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു അവർ. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ശ്രീദേവി, എന്ന് പറഞ്ഞു കയ്യിൽ പിടിച്ചു. (പഠിപ്പിച്ച ഒരധ്യാപകരും ഇന്നുവരെ എന്റെ പേര്മറന്നിട്ടില്ല എന്നത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കാവുന്ന ഒരു കാര്യമാണ്) കുറച്ചുനേരം എന്റെ കയ്യിൽ പിടിച്ചു ടീച്ചർ മിണ്ടാതെയിരുന്നു. പിന്നീട് എവിടെയാണ് എന്തൊക്കെയാണ് വിശേഷം എന്നൊക്കെ ചോദിച്ചു. അവധിക്ക് വന്നതാണ് മക്കളെ തൊഴുവിക്കാൻ കൊണ്ടുവന്നതാണ് എന്നൊക്കെ ഞാനും പറഞ്ഞു. പിന്നീട് വീണ്ടും ഒരു നീണ്ട നിശബ്ദത.

അതിനു ശേഷം ടീച്ചർ എന്നോട് ചോദിച്ചു, എന്റെ ജീവിതത്തിൽ സംഭവിച്ചത് ഒക്കെ അറിഞ്ഞുകാണുമല്ലോ അല്ലെ? എന്ന്. ഞാൻ എന്തുപറയണം എന്നറിയാതെ നിന്നു. സത്യത്തിൽ ടീച്ചറിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നെനിക്ക് അറിയില്ലായിരുന്നു. ‘എന്റെ മകൻ അപകടത്തിൽ മരിച്ചത് അറിഞ്ഞില്ലേ, എന്ന് ടീച്ചര് വീണ്ടും ചോദിച്ചു. ഞാൻ നിശബ്ദയായിത്തന്നെ നിന്നു. ടീച്ചർ എന്റെ കയ്യിൽ നിന്നും പിടിവിടാതെ തന്നെ നടയിലേക്ക് വീണ്ടും നോക്കിയിരുന്നു. അവർ കണ്ണുനീർ പുറത്തേക്ക് ഒഴുകാതെ നേരെ ദേവിക്ക് അശ്രുമാല ചാർത്തുകയായിരുന്നു.
ഹരിപ്പാട് സരസ്വതിയമ്മ അഥവാ പട്ടം സരസ്വതിയമ്മ സാർ എന്ന് ഞങ്ങൾ വിളിയ്ക്കുന്ന പ്രിയ അധ്യാപിക സരസ്വതിയമ്മ ടീച്ചർ സ്കൂൾ കോളേജ് തലങ്ങളിലെ എല്ലാ അധ്യാപകരെയും ഓർക്കുന്നത് പോലെതന്നെ ഓർക്കാറുള്ള ഒരു നാമം…

View original post 148 more words

ഹരിപ്പാട് സരസ്വതിയമ്മ

trr

2005 ലാണ്, അവധിക്ക് നാട്ടിലെത്തിയപ്പോൾ , കോളാത്ത് അമ്പലത്തിൽ തോഴുവാനായി ചെന്നപ്പോളാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ടീച്ചറിനെ കാണുന്നത്. നടപ്പന്തലിൽ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു അവർ. നീല സാരിയും ചന്ദനക്കുറിയും. കണ്ണുകളിൽ അഗാധമായ ഏതോ ദുഃഖവും ആവാഹിച്ച് നടയിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു അവർ. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ശ്രീദേവി, എന്ന് പറഞ്ഞു കയ്യിൽ പിടിച്ചു. (പഠിപ്പിച്ച ഒരധ്യാപകരും ഇന്നുവരെ എന്റെ പേര്മറന്നിട്ടില്ല എന്നത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കാവുന്ന ഒരു കാര്യമാണ്) കുറച്ചുനേരം എന്റെ കയ്യിൽ പിടിച്ചു ടീച്ചർ മിണ്ടാതെയിരുന്നു. പിന്നീട് എവിടെയാണ് എന്തൊക്കെയാണ് വിശേഷം എന്നൊക്കെ ചോദിച്ചു. അവധിക്ക് വന്നതാണ് മക്കളെ തൊഴുവിക്കാൻ കൊണ്ടുവന്നതാണ് എന്നൊക്കെ ഞാനും പറഞ്ഞു. പിന്നീട് വീണ്ടും ഒരു നീണ്ട നിശബ്ദത.

അതിനു ശേഷം ടീച്ചർ എന്നോട് ചോദിച്ചു, എന്റെ ജീവിതത്തിൽ സംഭവിച്ചത് ഒക്കെ അറിഞ്ഞുകാണുമല്ലോ അല്ലെ? എന്ന്. ഞാൻ എന്തുപറയണം എന്നറിയാതെ നിന്നു. സത്യത്തിൽ ടീച്ചറിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നെനിക്ക് അറിയില്ലായിരുന്നു. ‘എന്റെ മകൻ അപകടത്തിൽ മരിച്ചത് അറിഞ്ഞില്ലേ, എന്ന് ടീച്ചര് വീണ്ടും ചോദിച്ചു. ഞാൻ നിശബ്ദയായിത്തന്നെ നിന്നു. ടീച്ചർ എന്റെ കയ്യിൽ നിന്നും പിടിവിടാതെ തന്നെ നടയിലേക്ക് വീണ്ടും നോക്കിയിരുന്നു. അവർ കണ്ണുനീർ പുറത്തേക്ക് ഒഴുകാതെ നേരെ ദേവിക്ക് അശ്രുമാല ചാർത്തുകയായിരുന്നു.
ഹരിപ്പാട് സരസ്വതിയമ്മ അഥവാ പട്ടം സരസ്വതിയമ്മ സാർ എന്ന് ഞങ്ങൾ വിളിയ്ക്കുന്ന പ്രിയ അധ്യാപിക സരസ്വതിയമ്മ ടീച്ചർ സ്കൂൾ കോളേജ് തലങ്ങളിലെ എല്ലാ അധ്യാപകരെയും ഓർക്കുന്നത് പോലെതന്നെ ഓർക്കാറുള്ള ഒരു നാമം തന്നെ. ഇടയ്ക്കെപ്പോഴോ ടീച്ചർ മനസ്സിൽ നിന്നും ഒന്ന് മാറിപ്പോയോ എന്ന് സ്വയം തോന്നാറുമുണ്ട്. ആത്മനിന്ദയുടെ നിമിഷങ്ങളാണ് ആ തോന്നൽ സമർപ്പിക്കുന്നത്.
ആയാപറമ്പ് ഗവന്മേന്റ്റ് ഹൈസ്കൂളിന്റെ തിലകമായിരുന്നു ടീച്ചർ. ഒത്തപൊക്കം. തനിത്തങ്കത്തിന്റെ നിറം. പുട്ടപ് ചെയ്ത മുടി. നെറ്റിയിൽ വലിയ സിന്ദൂരപ്പൊട്ട്. ആഴമേറിയ ശബ്ദം. പുരുഷശബ്ദം എന്ന് ടീച്ചർ തന്നെ വിളിക്കുന്ന ഗാംഭീര്യമുള്ള ശബ്ദം. സംഗീത ക്ലാസുകളിലെ കാർക്കശ്യക്കാരി. പ്രാർഥനാ ഗാനങ്ങൾ ഏറ്റവും പെര്ഫെക്റ്റ് ആയിരിക്കണം എന്ന നിർബന്ധക്കാരി. സംഗീതക്കമ്പക്കാരായ ഞങ്ങൾ മൂന്നു സഹോദരിമാരും ടീച്ചറിന്റെ പ്രിയരായിരുന്നു. ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലും അന്ന് ടീച്ചറിന്റെ കച്ചേരിയോ കഥാപ്രസംഗമോ ഇല്ലാത്ത ഉത്സവങ്ങൾ കുറവായിരുന്നു. പട്ടം സരസ്വതി എന്ന അനൌൻസ്മെന്റിനു ശേഷം മുഴങ്ങിക്കേൾക്കുന്ന പുരുഷശബ്ദം അന്നാട്ടുകാരല്ലാത്തവർക്ക് തികച്ചും അത്ഭുതമായിരുന്നു.
പെരുവഴിയമ്പലം വീണ്ടും കണ്ടതാണ് ഇപ്പോൾ വീണ്ടും ടീച്ചറിന്റെ ഓർമ്മകൾ ഉണർത്തിയത്. അതിലെ ഹരികഥ പാടുന്നത് ടീച്ചറാണ്. ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇന്നലെത്തെ താരം എന്ന പരിപാടിയുടെ വീഡിയോ കിട്ടി.
 https://www.youtube.com/watch?v=nT476KK9MbY
(ഈ ലിങ്കിൽ മൂന്നു വീഡിയോകളിലായി ടീച്ചറിനെ കാണാവുന്നതാണ്)
പഴയ തേജസ്വിനി ഇന്ന് കാലമേല്പ്പിച്ച പല പ്രഹരങ്ങളേറ്റ് തളർന്നുപോയിരിക്കുന്നു. മനസ്സിലുള്ള രൂപത്തിന്റെ നിഴൽ പോലുമല്ല ഇന്ന് അമൃതാ ടിവിയുടെ പരിപാടിയിൽ കണ്ട ടീച്ചർ. എങ്കിലും തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ലാത്തപോലെ ടീച്ചർ ഇന്നും സംഗീത സപര്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷകളോടെ തന്നെ ജീവിക്കുന്നു.
ആനവളർത്തിയ വാനമ്പാടി എന്ന സിനിമയിലെ ഒരു ചെറിയ സീനിൽ അവരുടെ പ്രോജ്വല ഭൂതകാലവും ഒരുനോക്കു വീണ്ടും കണ്ടു.
ടീച്ചർക്ക് ആയുരാരോഗ്യസൌഖ്യം നേരുന്നു പഴയ ശിഷ്യ.

Om Shanthi Osana

 

 

ഓം ശാന്തി ഓശാന കണ്ടു! ചുമ്മാ ഒരു റിവ്യൂ എഴുതി നോക്കട്ട്.

 
1. എന്താ കഥ!
ഒരു പന്ത്രണ്ടാം ക്ലാസുകാരിയുടെ പ്രണയം. അത് നമ്മൾ കരുതുന്നത് പോലെ ചുമ്മാ ടീനേജ് ലവ് അല്ല. അതിമനോഹരവും ഹൃദയസ്പര്ശിയുമായ പ്രണയം.
ഗിരി (നിവിൻ  പൊളി ) നൽകിയ ഒരു തൊപ്പിക്കുടയും നെഞ്ചോടടുക്കി പൂജ (നസ്രിയ) അഞ്ചാറു കൊല്ലം അവൻ തന്നെ സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും കാത്തിരിക്കുന്നു. ക്രിസ്ത്യാനിയായ പൂജ ഹിന്ദുവായ ഗിരിയെ വരിക്കുന്നതോടെ ‘ഓം ശാന്തി ഓശാന’ അന്വർത്ഥമാകുന്നു. 
 
2. കൊള്ളാമോ ?
പിന്നെന്താ കൊള്ളാതിരിക്കാൻ? ആകെമൊത്തം ഒരു ഫീൽ ഗുഡ് മൂവി. എല്ലാ കഥാപാത്രങ്ങളും ‘നല്ലവർ’ ആണെന്ന് ഉള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഒരു ഇന്ത്യൻ പ്രണയകഥയിലും എല്ലാ കഥാപാത്രങ്ങളും നല്ലവരാണ്. നല്ല കഥാപാത്രങ്ങൾഉള്ള, ഒരു നല്ല ത്രെഡ് ഉള്ള ഒരു നല്ല സിനിമ. ഇത് ജീവിതത്തിൽ സംഭവിക്കാൻ സാധ്യത ഉള്ള ഒരു കഥ തന്നെ. അതിഭാവുകത്വം ഒന്നുമില്ല. ചിലയിടങ്ങളിൽ ‘അങ്ങനെണ്ടാവ്വോ!’ എന്ന് ചിലപ്പോൾ നമ്മൾ ആലോചിച്ചേക്കാം. പക്ഷെ അത് നമ്മൾ അങ്ങ് വിട്ടുകളയും. ജീവിതവും സിനിമയും ‘കട്ടയ്ക്ക്’ നിന്നാൽ ഒരു സുഖമുണ്ടാവില്ലല്ലോ. ചില വ്യത്യാസങ്ങൾ ഒക്കെ തികച്ചും ആവശ്യം.
 
3. നായകനും നായികയും?
നമ്മുടെ മക്കൾ തന്നെ. അതുപോരേ? അതാണ്‌ നമുക്ക് കൂടുതൽ ഇഷ്ടമാവുന്നത്. നസ്രിയയെപ്പോലെ ഒരു മകൾ! നിവിൻ പോളിയെ പോലൊരു മകൻ. ഇവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പോലെ ഒരു ഇഷ്ടം. 
 
നസ്രിയയെ ചില റിയാലിറ്റി ഷോ ഹോസ്റ്റ് ആയിട്ട് കണ്ടിട്ടുണ്ട്. ആദ്യമായാണ്‌ സിനിമയിൽ കാണുന്നത്. നല്ല കഴിവുണ്ട് കുട്ടിക്ക്. എന്തൊരു ഓമനത്തം! എന്തോരം ചുരിദാറും സാരിയുമാണ് മാറിമാറി ഇടുന്നത്!  ഇനിയിപ്പോ ഫഹദ് കെട്ടിക്കൊണ്ടു പോയി ഒരു ഗുണ്ടുമണി ആയിപ്പോകുമോ എന്നാണ് ഒരു വിഷമം! ഓ! അതൊക്കെ ഓരോ കാലത്തിനനുസരിച്ച് അങ്ങ് നടക്കും അല്ലെ? ഒരു നസ്രിയ പോയാൽ വേറൊരു നസ്രിയ വരും.
 
‘ചാപ്റെഴ്സ്’ കണ്ടിട്ട് ഞാൻ   നിവിൻ പോളിയെ ചീത്ത പറഞ്ഞും കൊണ്ട്  ഒരു പോസ്റ്റ്‌ പണ്ട് ഇട്ടിരുന്നു. അത് പിൻവലിക്കുന്നില്ല. പക്ഷെ ഒരു നടൻ എന്ന നിലയിൽ ഗംഭീര വിജയമാണ് നിവിൻ ഇതിൽ. നിവിൻ വരുന്ന ഓരോ സീനിലും കയ്യടിയും വിസിലടിയും ആയിരുന്നു തീയറ്ററിൽ. എനിക്ക് വിസിലടിക്കണം എന്ന് അതിമോഹം ഉണ്ടായിരുന്നുവെങ്കിലും അറിയാൻ പാടില്ലാത്തത് കൊണ്ട് ഞാൻ കയ്യടിച്ചു തൃപ്തിപ്പെട്ടു. പ്രണയം നിറഞ്ഞ ചിരി എനിക്കിഷ്ടപ്പെട്ടു നിവിൻ. കൊള്ളാം. അങ്ങനങ്ങ് മുന്നോട്ട് പൊക്കോട്ടെ. ആ ചൈനീസിൽ ചെം ചും  ചോം എന്നോ മറ്റോ പറഞ്ഞില്ലേ? അത് കലക്കി !
 
4. മറ്റു കഥാപാത്രങ്ങൾ ?
 
രണ്‍ജി പണിക്കർ 
 
മലയാള സിനിമയിലെ തന്നെ ബെസ്റ്റ് കാസ്റ്റിങ്ങ് ആണ് ഇതിൽ രണ്‍ജി പണിക്കർ അവതരിപ്പിക്കുന്ന മത്തായി ഡോക്ടർ. ഇതുവരെ രണ്‍ജി പണിക്കരിലെ നടനെ കണ്ടെത്താഞ്ഞതിൽ മലയാള സിനിമയിലെ കൊടികെട്ടിയ സംവിധായകർ നാണിച്ചേ പറ്റൂ. അതിൽ നൂറിൽ നൂറു മാർക്കാണ് ഈ സിനിമയുടെ അണിയറക്കാർക്ക്.  നസ്രിയയുടെ അച്ഛൻ ആണ് ഇതിൽ രണ്‍ജി പണിക്കർ. ആദ്യാവസാനം അദ്ദേഹം നമ്മളെക്കൊണ്ട് അദ്ദേഹത്തെ സ്നേഹിപ്പിക്കുകയാണ്. സിനിമ തീർന്നു എഴുന്നേൽക്കുമ്പോഴും ഒരു നോക്ക് കൂടി സ്ക്രീനിൽ അദ്ദേഹം ഉണ്ടോ എന്ന് നോക്കിപ്പോകുന്നത്ര ഇഷ്ടം. 
 
അജു വർഗീസ്‌ 
 
എനിക്കീ ന്യൂ ജനറേഷൻ എല്ലാവരെയും വല്യ പരിചയമില്ല. എങ്കിലോ ഇവൻ  ഈ കാഞ്ഞാണി ഇവൻ നമുക്കൊരു പണി തന്നേക്കും. വേറൊന്നുമല്ല നമ്മൾ ജഗതിയുടെ സിനിമകൾ ഒന്നും മിസ്സാക്കാത്തത് പോലെ ഇവന്റെ സിനിമകളും മിസ്സാക്കാതെ കാണണ്ട പണി. കൊള്ളാം മോനെ, നല്ല സ്ക്രീൻ പ്രസൻസ്. മുന്നോട്ട് പൊക്കോളൂ. ലക്ഷം ലക്ഷം പിന്നാലെ ഉണ്ടാവും. 
 
വിനീത് ശ്രീനിവാസൻ 
 
വിനീത് അവതരിപ്പിക്കുന്ന ഡോക്ടർ പ്രസാദ് വർക്കി നിവിൻ പോളിയുടെ ഗിരി പ്രഭാവത്തിന് മുന്നിൽ നിഷ്പ്രഭനായിപ്പോയി. നമ്മൾ ഗിരി ഇപ്പൊ പൂജയെ പ്രേമിച്ചു തുടങ്ങും എന്ന് ഇങ്ങനെ ആകാംക്ഷ പൂണ്ടിരിക്കുമ്പോൾ ആണ് ഡോക്ടർ അവതരിക്കുന്നത്. അപ്പോൾ നമുക്കുണ്ടാവുന്ന നിരാശയാണോ ആ കഥാപാത്രത്തെ മനസ്സിൽ കൊണ്ട് നടക്കാൻ തോന്നിപ്പിക്കാത്തത്? അവസാനം വരെ സസ്പെന്സ് നില്ക്കുന്നത് കൊണ്ട് എങ്ങനെയെങ്കിലും ഈ ഡോക്ടർ ഒന്ന് സ്ഥലം മാറിപ്പോകുകയെങ്കിലും ചെയ്യണേ എന്നൊരു പ്രാർത്ഥന മനസ്സിലുണ്ടായിരുന്നു. സത്യത്തിൽ വിനീത് കഥാപാത്രത്തിന് മാച് ആയില്ല. എന്തോ! 
 
പിന്നെ മഞ്ജു സതീഷ്‌ ഉണ്ട്, വിനയ പ്രസാദ് ഉണ്ട്, ശോഭ മോഹൻ ഉണ്ട്. പിന്നെ എനിക്ക് പേരൊന്നും അറിയാത്ത കുറെ പിള്ളേർ പല പല കഥാപാത്രങ്ങളായി വന്നു പോകുന്നു. എല്ലാവരും വളരെക്കാലം കൊണ്ട് സിനിമയിൽ അഭിനയിക്കുന്നവർ എന്നൊരു തോന്നൽ തോന്നിപ്പിച്ചു. ആരും ബോറടിപ്പിച്ചില്ല. വിജയരാഘവൻ അതിഥി താരമായും ഉണ്ട്. 
ലാൽ ജോസിലെ അഭിനേതാവിനെ അഴകിയ രാവണന് ശേഷം കണ്ടു. വെരി നാച്ചുറൽ.
 
 
5. കുറ്റം / കുറവ് / കുഴപ്പങ്ങൾ ?
ഞാൻ ദാദാ സാഹബ് ഫാൽകെ യുടെ വകയിൽ ഒരു അനന്തിരവൾ ആയതു കൊണ്ട് കൊറച്ച് അഭിപ്രായം പറയാം. ശ്രദ്ധിച്ച് കേട്ടുകൊള്ളണം.
 
മിഥുൻ  മാനുവൽ തോമസിന്റെ തിരക്കഥ കുറച്ചുകൂടി ടൈറ്റ് ആകാൻ ഉള്ളത് പോലെ തോന്നി. അവിടവിടെ, പ്രത്യേകിച്ചും ആദ്യ ഭാഗത്ത് ഒരു വലിവ് അല്ലെങ്കിൽ ഒരു അയവ് തോന്നി. ജൂഡ് ആന്റണി ജോസഫ് ന്റെ സംവിധാനം ആദ്യ സംരംഭം ആയതു കൊണ്ട് കുഴപ്പമില്ല. ഇതിൽ കിട്ടിയ നല്ല പേര് കളഞ്ഞു കുളിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ജൂഡിന് ഇനിയങ്ങോട്ട് ഉണ്ടാവും.
 
സീനുകൾ അത്രയ്ക്കങ്ങോട്ട് ‘ഡിഫൈൻഡ്’ അല്ല. ഫോർ എക്സാമ്പിൾ നസ്രിയ നിവിനെ പോലെ കുങ്ങ് ഫൂ കാണിച്ച് വീഴാൻ പോകുന്നത്. അതൊന്നും അങ്ങോട്ട്‌ ക്ലിയർ ആകുന്നില്ല. കാമറ പൊസിഷൻ ആണോ , എഡിറ്റരുടെ കത്രിക ആണോ പോരാത്തത് എന്ന് ശരിക്കും പറയാനും പറ്റുന്നില്ല. ആദ്യ പകുതിയിൽ ശരിക്കും ലാഗ് ഉണ്ട്. എഡിറ്റർ ലിജോ പോൾ കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് തോന്നി. എന്റെ മാത്രം അഭിപ്രായമാണേ.  നരേഷൻ മോഡ് ചിലപ്പോൾ മടുപ്പിച്ചു. നസ്രിയ കുറച്ചു കൂടി എനെർജെറ്റിക് ആയി പറഞ്ഞിരുന്നെകിൽ കൂടുതൽ നന്നായേനെ. 
 
മിക്ക സിനിമകളിലും സംഭവിക്കുന്നത്‌ പോലെ കഥാപാത്രങ്ങളുടെ ഭാഷയ്ക്ക് ചേർച്ചയില്ല. ഇത് ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള കാര്യമാണ്. മെയിൻ ലൊക്കേഷൻ തൃശൂരും പരിസരവും ആണെന്ന് പ്രിൻസിപ്പലിന്റെ സംഭാഷണത്തിൽ നിന്നും തോന്നും. പക്ഷെ പിന്നെ മെക്കാനിക് ഒഴികെയുള്ളവർ ആരും തന്നെ തൃശൂർ ഭാഷ ഉപയോഗിക്കുന്നില്ല. പൂജയുടെ വീട്ടിൽ നല്ല കോട്ടയം ഭാഷയും. ഇതൊന്നും വല്യ കാര്യമല്ല, ചുമ്മാ ശ്രദ്ധിക്കുന്നത് കൊണ്ട് എഴുതി എന്നേയുള്ളൂ. 
 
6. സംഗീതം 
ഷാൻ റഹ്മാന്റെ സംഗീതം. എനിക്ക് പൊതുവേ ന്യൂ ജനറേഷൻ പാട്ടുകളോട് താല്പര്യം കുറവാണ്. എങ്കിലും മന്ദാരമേ എന്ന പാട്ട് വീണ്ടും കേൾക്കാൻ തോന്നിക്കുന്നത് തന്നെ. ഡ്രൈവ് ചെയ്യുമ്പോൾ വളരെ ഉത്സാഹം നല്കും ഈ പാട്ട്. 
ലിറിക്സ് ക്വാളിറ്റി ഇതുവരെ നോക്കിയില്ല. ഒറ്റക്കേൾവിയിൽ ന്യൂ ജനറേഷന് വേണ്ടതെല്ലാം ചേർത്തിട്ടുണ്ട്. 
 
പശ്ചാത്തല സംഗീതം അവിടവിടെ അൽപ്പം ഓവർ അല്ലേ എന്നൊരു തോന്നൽ ഉണ്ടായി. 
 
7.. ലൊക്കേഷൻ 
നിവിന്റെ വീട് – പാടത്ത് നിന്നുള്ള ഷോട്ട്  അതിമനോഹരം. മലമുകളിലെ അമ്പലം – മഴ – മനോഹരം. റേച്ചൽ ആന്റിയുടെ വീട് – മലയാള സിനിമയിൽ ഇതാദ്യമാണോ ഇത്തരം ഒരു വീട് കാണിക്കുന്നത് ? ഓർമ്മയിൽ എങ്ങും പരതിയിട്ട് കിട്ടുന്നില്ല. നന്നായിരുന്നു. 
 
8.. ഈ സിനിമ കണ്ടില്ലെങ്കിൽ ?
 
ലോകം അവസാനിക്കുകയില്ല. പക്ഷെ ഈ സിനിമ കണ്ടാൽ നിങ്ങൾ അന്ന് രാത്രി മുഴുവനും ഒരു ഊഷ്മള വികാരം മനസ്സിൽ നിറച്ച് തലയിണ മടിയിൽ വച്ച് തെരുപ്പിടിച്ച്, ഓരോ സീനും വീണ്ടും മനക്കണ്ണിൽ കണ്ട് , നന്നായിരുന്നു, നന്നായിരുന്നു എന്ന് വീണ്ടും വീണ്ടും സ്വയം പറഞ്ഞ്  പുഞ്ചിരിക്കും. ഞാൻ ഒരു മഴപെയ്യുന്ന അപരാഹ്നത്തിൽ, ഏതോ മലമുകളിലെ ഏകാന്തമണ്ഡപത്തിൽ, എനിക്ക് വേണ്ടി  ഇനിയൊരിക്കലും പിറക്കാൻ ഇടയില്ലാത്ത കാമുകനായി കാത്തിരുന്നു. 

ഭൂതമുളക് (Bhoot Jolokia aka The Ghost Pepper)

Bhoot Jolokia or Ghost Pepper

Bhoot Jolokia or Ghost Pepper

മഴക്കാലമാകുമ്പൊഴെക്കും പച്ചക്കറികൾ ഒക്കെ നശിച്ചു പോകുമല്ലോ. ഇത്തവണ നാലഞ്ചു മാസം ഉള്ളിയും ഉരുളക്കിഴങ്ങും അല്ലാതെ മറ്റു പച്ചക്കറികൾ ഒന്നും വാങ്ങേണ്ടി വന്നില്ല. കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖപ്രദവും ആനന്ദദായകവുമായിരുന്നു ഇത്തവണത്തെ പച്ചക്കറികൃഷി. പിള്ളാച്ചനും അമ്മയും കൂടി ഊർജിത കൃഷിവികസന പരിപാടിയുമായി രാവിലെ പറമ്പിലേക്ക് ഇറങ്ങും. പതിനൊന്നു മണിയോട് കൂടി തിരിച്ചു കയറും. അങ്ങനെ പയറും വെള്ളരിക്കയും പടവലങ്ങയും പച്ചമുളകും ഉൾപ്പടെ കൈനിറയെ പച്ചക്കറികൾ. മഴ പിടിക്കുന്നതോടെ പച്ചക്കറികളിൽ ബാക്കി നില്ക്കുക പച്ചമുളകുകൾ ആണ്. സാധാരണ പച്ചമുളക്, നീല മുളക്, പാൽ മുളക്, കാ‍ന്താരി, ഉണ്ട മുളക് തുടങ്ങി വിവിധ ഇനം മുളകുകൾ വീട്ടില് ഉണ്ട്. എവിടെനിന്നോ കിട്ടിയ കുറച്ചു മുളകിന്റെ അരികൾ ഞാനും പാകിയിരുന്നു. ചുമ്മാ കിളിച്ചു നില്ക്കട്ടെ, രണ്ടു മുളക് കിട്ടിയാൽ അത്രയും ആയല്ലോ എന്ന് വെച്ചു.

തൈയ്ക്ക് നാലില വന്നപ്പോൾ അരി മേടിക്കുന്ന പ്ലാസ്റ്റിക് ചാക്കിൽ ചാണകവും മണ്ണും നിറച്ചു രണ്ടു മൂന്നു തൈ പിഴുതു വച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ചിന്ന ഐഡിയ. മീൻ  വെട്ടിയ വെള്ളം അതിനു ചുവട്ടിൽ ഒഴിച്ചാലോ! മീൻ നല്ല വളം ആണെന്ന് കേട്ടിട്ടും ഉണ്ടല്ലോ. അങ്ങനെ പിറ്റേദിവസം കിട്ടിയ മത്തി വെട്ടിക്കഴുകിയ വെള്ളം ഞാൻ മൂന്നു മുളകിൻ തൈകൾക്കും സാദരം സമർപ്പിച്ചു. വൈകുന്നേരം ആയിരുന്നു അത്. നേരം വെളുത്ത് പിള്ളാച്ചന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ടാണ് ഞാൻ ചെല്ലുന്നത്. നോക്കുമ്പോൾ തൈ മൂന്നും തളർന്നു തലയും കുത്തി കിടക്കുന്നു. നല്ല കരുത്തോടെ നിന്ന തണ്ടെല്ലാം വളഞ്ഞുകുത്തി, ഇലയെല്ലാം വാടി. എനിക്കങ്ങു കരച്ചിൽ  വന്നു. “അപ്പോഴേ ഞാൻ പറഞ്ഞതാ പരീക്ഷണം വേണ്ടാന്നു” എന്നും പറഞ്ഞു ശ്രീമാനും അങ്ങ് തുടങ്ങി. എന്റെ ചെറുകിട പച്ചക്കറി സംരംഭം മുളയിലേ കരിഞ്ഞു പോയതോർത്ത് ഞാനും മൂഡ്‌ ഓഫായിപ്പോയി. എങ്കിലും മുളകുകൾ പറിച്ചു കളഞ്ഞില്ല. കൂടാതെ കുറച്ച അധികം വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനങ്ങ് വിട്ടാലോ!

മുളകുകൾ വാടിയതല്ലാതെ കരിഞ്ഞിട്ടില്ലായിരുന്നു. നാലഞ്ച് ദിവസം അങ്ങനെ കഴിഞ്ഞപ്പോൾ ദാ, മുളകിൻ തൈകൾക്ക് ഉണർവ് വയ്ക്കുന്നു! തണ്ട് നിവരുന്നു! ഇലകൾ ഞെട്ടിൽ ഉറയ്ക്കുന്നു! ആഹ! വീണ്ടും ധാരാളം വെള്ളം ഒഴിച്ചു കൊടുത്തു. പിന്നീട് അസാമാന്യ കരുത്തോടെയാണ് അവ വളർന്നത്. കറുപ്പുകലർന്ന പച്ചയിൽ ഇലകൾ തിളങ്ങി. ഇളം നീലകലർന്ന പച്ചയിൽ തണ്ടുകളും. പൂക്കൾ വന്നു. കായായി. അതുവരെ നമ്മുടെ പറമ്പിൽ ഇല്ലാത്ത ഒരു തരം മുളകായിരുന്നു അതിൽ ഉണ്ടായത്. ഇളം പച്ച (ഫ്ലൂരസന്റ്) നിറത്തിൽ മിനുങ്ങുന്ന സാമാന്യം വലുപ്പമുള്ള മുളകുകൾ. സന്തോഷമായി. പുനരുജ്ജീവനത്തിൽ ഒരു പങ്ക് എനിക്കുമുണ്ടല്ലോ. പിള്ളാച്ചന്റെ പ്രഭാത ഭക്ഷണം പഴങ്കഞ്ഞി ആണ്. നാട്ടിലും ഗൾഫിലും ലോകത്തെവിടെയും അദ്ദേഹത്തിനു പഴങ്കഞ്ഞി മതി. വിദേശ യാത്രകളിൽ തലേ ദിവസം രാത്രി  രെസ്റ്റൊരന്റിൽ നിന്നും പ്ലെയിൻ റൈസ് വാങ്ങിച്ചു മിനറൽ വാട്ടർ ഒഴിച്ച് വച്ച് പഴങ്കഞ്ഞി ആക്കി കുടിക്കുന്ന ആൾ ആണ്.(ആരോടും പറയല്ലേ !) പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ കല്ലിൽ ചതച്ചു തൈരും ഉപ്പും ചേർത്താണ്  പഴങ്കഞ്ഞി തയ്യാറാക്കുന്നത്. ഒരു വിധത്തിലുള്ള സകല എരിവുകളും അദ്ദേഹം കഴിക്കും. എത്ര പച്ചമുളക് ചേർത്താലും എരിവില്ല എരിവില്ല എന്ന് പറയും.

പുതിയ മുളക് രണ്ടെണ്ണം ചേർത്താണ് അന്ന് പഴങ്കഞ്ഞി തയ്യാറാക്കിയത്. ചേരുവകൾ ചതചെടുത്തപ്പോൾ തന്നെ പതിവിൽ കൂടുതൽ കൈ പുകയാൻ തുടങ്ങി. കുറച്ചു വെളിച്ചെണ്ണ ഒക്കെ കയ്യിൽ പുരട്ടിയെങ്കിലും ഒരു കുറവും കിട്ടിയില്ല. പുതിയ മുളക് പ്രവർത്തനം തുടങ്ങിയിരുന്നു. കയ്യിൽ  വെളിച്ചെണ്ണ പുരട്ടിക്കൊണ്ടിരിക്കുമ്പോൾ ആണ് ശ്രീമാന്റെ വിളി. “ഇതെന്താ ഇതിൽ ചേർത്തിരിക്കുന്നെ ? ഭയങ്കര എരിവ്,” എന്ന്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. എത്ര മുളക് ചേർത്താലും “എരിവുള്ളതൊന്നും ഇല്ലേ?” എന്ന് ചോദിക്കുന്ന ആൾക്ക് എരിക്കുന്നോ ? കയ്യിൽ വെളിച്ചെണ്ണയും തടവി ഞാനും പറഞ്ഞു,”എന്തോ, ഈ പുതിയ മുളക് കയ്യും പുകയുന്നു,” എന്ന്.

Image അങ്ങനെ പുതിയ മുളക് മീൻ കറിയിൽ ഇട്ടപ്പോൾ നാക്കിലെ തൊലി പോകുന്നു. സാമ്പാറിൽ ചേർത്തപ്പോൾ മറ്റൊരു എരിവു കാരൻ ആയ രാമിനു എരിക്കുന്നു. അങ്ങനെ എരിവോടെരിവ്. നാത്തൂന്മാർ കൊണ്ടുപോയി കയ്യും വായും പുകഞ്ഞു ഒരു വഴിയായി. ‘എന്തോരെരിവ്! എന്തോരെരിവ്!’ എന്ന് പറമ്പിലെ പണിക്കാർ വരെ പറഞ്ഞു തുടങ്ങി. ഇതൊന്നും കണ്ടഭാവവും കേട്ട ഭാവവും ഇല്ലാതെ മുളകുകൾ പൂക്കുകയും കായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ശെടാ ഇതേതു മുളക് എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഇന്നലെത്തെ മാതൃഭൂമി പത്രം കാണുന്നത്. ‘ഭൂത മുളകിന് കിലോയ്ക്ക് 50000 രൂപ!’ എന്ന്. കൂടെ ഒരു ചിത്രവും കൊടുത്തേക്കുന്നു. ഹൈ! എന്താ കഥ! ഇതല്ലേ അത് ? നമ്മുടെ പുതിയ കഥാപാത്രം? മീൻ വെള്ളം ഒഴിച്ചിട്ടും കരിയാതെ തിരിച്ചു വന്നവൻ ? പിള്ളാച്ചനെ കൊണ്ട് അവസാനം എരിക്കുന്നു എന്ന് പറയിച്ചവൻ ? അതെ അവൻ തന്നെ. അമ്മയും നോക്കിയിട്ട് പറയുന്നു ഇവൻ അവൻ തന്നെ! ആരാണിവൻ ? ഇവനാകുന്നു ഭൂത് ജോലോക്കിയ അഥവാ ഭൂതമുളക്. ഇംഗ്ലീഷിൽ The Ghost Pepper എന്ന് പേര്. ആസ്സാമും നാഗാലാന്റും ആണത്രേ ഇവന്റെ ജന്മദേശങ്ങൾ! 2007 ലെ ഗിന്നസ് ലോക റെക്കോഡ് പ്രകാരം ഇവനായിരുന്നു ലോകത്തെ ഏറ്റവും എരിവുള്ള മുളക്. 2012 ൽ  Trinidad Moruga Scorpion ഇവനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അപ്പൊ അന്ത ട്രിനിഡാഡ്  തേളിന്റെ എരിവ്  എന്തായിരിക്കും! ഭൂതമുളക്, ആ പേര് നല്കിയത് ആരായിരിക്കുമോ എന്തോ ! എന്തുതന്നെ ആയിരുന്നാലും അത് ഒരൊന്നൊന്നര പേര് തന്നെ. പിശാചുക്കൾ ഇത്തന്നെയാവും കഴിക്കുക. ഇവന് രാജമുളക് , വിഷമുളക് എന്നൊക്കെ പേരുണ്ട് പോലും! എല്ലാം ചേരുന്നത് തന്നെ.

മുളകുകളുടെ എരിവു നിർണ്ണയിക്കുന്ന സ്കോവിൽ സ്കെയിലിൽ ഇവന്റെ എരിവ്  855,000 heat units (SHU)  ആണ് പോലും! സാധാരണ റെഡ് പെപ്പർ സോസിന്റെ എരിവ് 2500 മുതൽ 5000 വരെ ആയിരിക്കുമ്പോൾ ആണ് ഇവന്റെ എരിവിന്റെ ഒരു മാരകത്വം(!) നമുക്ക് മനസ്സിലാവുക. 2005 ൽ ന്യൂ മെക്സിക്കോ സ്റേറ്റ് യൂനിവെഴ്സിടി കിളിർപ്പിച്ചെടുത്ത ഭൂതമുളകിന്റെ എരിവ് 1,001,304 SHU ആയിരുന്നുവത്രെ! (വിക്കി പറയുന്നതാണ് ഇതെല്ലാം) ആലോചനാമൃതം മാത്രമായി അക്കാര്യം നമുക്ക് വിടാം.

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , ഞങ്ങളൊക്കെ കൊറച്ച്  റോയൽ സ്പൈസ് ആണ് ഉപയോഗിക്കുന്നതെന്ന്. ച്ചാൽ 50000 ഉറുപ്യ കിലോയ്ക്ക് വെലയുള്ള മുളക് ഉപയോഗിക്കുമ്പോൾ റോയൽ ആവാണ്ടെ തരമില്ലല്ലോ.

അതുകൊണ്ട് എല്ലാരും കൊറച്ച് ‘ഫയ – ഫക്തി- ബഹുമാനങ്ങളോടെ’ പെരുമാറിക്കൊള്ളണം. ഇല്ലെങ്കിൽ ഭൂതമുളക്  എടുത്ത് കണ്ണിൽ  തേച്ചു കളയും – ങാഹാ! അത്രയ്ക്കായോ!

Mathrubhumi link : http://www.mathrubhumi.com/story.php?id=396376