ഭൂതമുളക് (Bhoot Jolokia aka The Ghost Pepper)

Bhoot Jolokia or Ghost Pepper

Bhoot Jolokia or Ghost Pepper

മഴക്കാലമാകുമ്പൊഴെക്കും പച്ചക്കറികൾ ഒക്കെ നശിച്ചു പോകുമല്ലോ. ഇത്തവണ നാലഞ്ചു മാസം ഉള്ളിയും ഉരുളക്കിഴങ്ങും അല്ലാതെ മറ്റു പച്ചക്കറികൾ ഒന്നും വാങ്ങേണ്ടി വന്നില്ല. കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖപ്രദവും ആനന്ദദായകവുമായിരുന്നു ഇത്തവണത്തെ പച്ചക്കറികൃഷി. പിള്ളാച്ചനും അമ്മയും കൂടി ഊർജിത കൃഷിവികസന പരിപാടിയുമായി രാവിലെ പറമ്പിലേക്ക് ഇറങ്ങും. പതിനൊന്നു മണിയോട് കൂടി തിരിച്ചു കയറും. അങ്ങനെ പയറും വെള്ളരിക്കയും പടവലങ്ങയും പച്ചമുളകും ഉൾപ്പടെ കൈനിറയെ പച്ചക്കറികൾ. മഴ പിടിക്കുന്നതോടെ പച്ചക്കറികളിൽ ബാക്കി നില്ക്കുക പച്ചമുളകുകൾ ആണ്. സാധാരണ പച്ചമുളക്, നീല മുളക്, പാൽ മുളക്, കാ‍ന്താരി, ഉണ്ട മുളക് തുടങ്ങി വിവിധ ഇനം മുളകുകൾ വീട്ടില് ഉണ്ട്. എവിടെനിന്നോ കിട്ടിയ കുറച്ചു മുളകിന്റെ അരികൾ ഞാനും പാകിയിരുന്നു. ചുമ്മാ കിളിച്ചു നില്ക്കട്ടെ, രണ്ടു മുളക് കിട്ടിയാൽ അത്രയും ആയല്ലോ എന്ന് വെച്ചു.

തൈയ്ക്ക് നാലില വന്നപ്പോൾ അരി മേടിക്കുന്ന പ്ലാസ്റ്റിക് ചാക്കിൽ ചാണകവും മണ്ണും നിറച്ചു രണ്ടു മൂന്നു തൈ പിഴുതു വച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ചിന്ന ഐഡിയ. മീൻ  വെട്ടിയ വെള്ളം അതിനു ചുവട്ടിൽ ഒഴിച്ചാലോ! മീൻ നല്ല വളം ആണെന്ന് കേട്ടിട്ടും ഉണ്ടല്ലോ. അങ്ങനെ പിറ്റേദിവസം കിട്ടിയ മത്തി വെട്ടിക്കഴുകിയ വെള്ളം ഞാൻ മൂന്നു മുളകിൻ തൈകൾക്കും സാദരം സമർപ്പിച്ചു. വൈകുന്നേരം ആയിരുന്നു അത്. നേരം വെളുത്ത് പിള്ളാച്ചന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ടാണ് ഞാൻ ചെല്ലുന്നത്. നോക്കുമ്പോൾ തൈ മൂന്നും തളർന്നു തലയും കുത്തി കിടക്കുന്നു. നല്ല കരുത്തോടെ നിന്ന തണ്ടെല്ലാം വളഞ്ഞുകുത്തി, ഇലയെല്ലാം വാടി. എനിക്കങ്ങു കരച്ചിൽ  വന്നു. “അപ്പോഴേ ഞാൻ പറഞ്ഞതാ പരീക്ഷണം വേണ്ടാന്നു” എന്നും പറഞ്ഞു ശ്രീമാനും അങ്ങ് തുടങ്ങി. എന്റെ ചെറുകിട പച്ചക്കറി സംരംഭം മുളയിലേ കരിഞ്ഞു പോയതോർത്ത് ഞാനും മൂഡ്‌ ഓഫായിപ്പോയി. എങ്കിലും മുളകുകൾ പറിച്ചു കളഞ്ഞില്ല. കൂടാതെ കുറച്ച അധികം വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനങ്ങ് വിട്ടാലോ!

മുളകുകൾ വാടിയതല്ലാതെ കരിഞ്ഞിട്ടില്ലായിരുന്നു. നാലഞ്ച് ദിവസം അങ്ങനെ കഴിഞ്ഞപ്പോൾ ദാ, മുളകിൻ തൈകൾക്ക് ഉണർവ് വയ്ക്കുന്നു! തണ്ട് നിവരുന്നു! ഇലകൾ ഞെട്ടിൽ ഉറയ്ക്കുന്നു! ആഹ! വീണ്ടും ധാരാളം വെള്ളം ഒഴിച്ചു കൊടുത്തു. പിന്നീട് അസാമാന്യ കരുത്തോടെയാണ് അവ വളർന്നത്. കറുപ്പുകലർന്ന പച്ചയിൽ ഇലകൾ തിളങ്ങി. ഇളം നീലകലർന്ന പച്ചയിൽ തണ്ടുകളും. പൂക്കൾ വന്നു. കായായി. അതുവരെ നമ്മുടെ പറമ്പിൽ ഇല്ലാത്ത ഒരു തരം മുളകായിരുന്നു അതിൽ ഉണ്ടായത്. ഇളം പച്ച (ഫ്ലൂരസന്റ്) നിറത്തിൽ മിനുങ്ങുന്ന സാമാന്യം വലുപ്പമുള്ള മുളകുകൾ. സന്തോഷമായി. പുനരുജ്ജീവനത്തിൽ ഒരു പങ്ക് എനിക്കുമുണ്ടല്ലോ. പിള്ളാച്ചന്റെ പ്രഭാത ഭക്ഷണം പഴങ്കഞ്ഞി ആണ്. നാട്ടിലും ഗൾഫിലും ലോകത്തെവിടെയും അദ്ദേഹത്തിനു പഴങ്കഞ്ഞി മതി. വിദേശ യാത്രകളിൽ തലേ ദിവസം രാത്രി  രെസ്റ്റൊരന്റിൽ നിന്നും പ്ലെയിൻ റൈസ് വാങ്ങിച്ചു മിനറൽ വാട്ടർ ഒഴിച്ച് വച്ച് പഴങ്കഞ്ഞി ആക്കി കുടിക്കുന്ന ആൾ ആണ്.(ആരോടും പറയല്ലേ !) പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ കല്ലിൽ ചതച്ചു തൈരും ഉപ്പും ചേർത്താണ്  പഴങ്കഞ്ഞി തയ്യാറാക്കുന്നത്. ഒരു വിധത്തിലുള്ള സകല എരിവുകളും അദ്ദേഹം കഴിക്കും. എത്ര പച്ചമുളക് ചേർത്താലും എരിവില്ല എരിവില്ല എന്ന് പറയും.

പുതിയ മുളക് രണ്ടെണ്ണം ചേർത്താണ് അന്ന് പഴങ്കഞ്ഞി തയ്യാറാക്കിയത്. ചേരുവകൾ ചതചെടുത്തപ്പോൾ തന്നെ പതിവിൽ കൂടുതൽ കൈ പുകയാൻ തുടങ്ങി. കുറച്ചു വെളിച്ചെണ്ണ ഒക്കെ കയ്യിൽ പുരട്ടിയെങ്കിലും ഒരു കുറവും കിട്ടിയില്ല. പുതിയ മുളക് പ്രവർത്തനം തുടങ്ങിയിരുന്നു. കയ്യിൽ  വെളിച്ചെണ്ണ പുരട്ടിക്കൊണ്ടിരിക്കുമ്പോൾ ആണ് ശ്രീമാന്റെ വിളി. “ഇതെന്താ ഇതിൽ ചേർത്തിരിക്കുന്നെ ? ഭയങ്കര എരിവ്,” എന്ന്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. എത്ര മുളക് ചേർത്താലും “എരിവുള്ളതൊന്നും ഇല്ലേ?” എന്ന് ചോദിക്കുന്ന ആൾക്ക് എരിക്കുന്നോ ? കയ്യിൽ വെളിച്ചെണ്ണയും തടവി ഞാനും പറഞ്ഞു,”എന്തോ, ഈ പുതിയ മുളക് കയ്യും പുകയുന്നു,” എന്ന്.

Image അങ്ങനെ പുതിയ മുളക് മീൻ കറിയിൽ ഇട്ടപ്പോൾ നാക്കിലെ തൊലി പോകുന്നു. സാമ്പാറിൽ ചേർത്തപ്പോൾ മറ്റൊരു എരിവു കാരൻ ആയ രാമിനു എരിക്കുന്നു. അങ്ങനെ എരിവോടെരിവ്. നാത്തൂന്മാർ കൊണ്ടുപോയി കയ്യും വായും പുകഞ്ഞു ഒരു വഴിയായി. ‘എന്തോരെരിവ്! എന്തോരെരിവ്!’ എന്ന് പറമ്പിലെ പണിക്കാർ വരെ പറഞ്ഞു തുടങ്ങി. ഇതൊന്നും കണ്ടഭാവവും കേട്ട ഭാവവും ഇല്ലാതെ മുളകുകൾ പൂക്കുകയും കായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ശെടാ ഇതേതു മുളക് എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഇന്നലെത്തെ മാതൃഭൂമി പത്രം കാണുന്നത്. ‘ഭൂത മുളകിന് കിലോയ്ക്ക് 50000 രൂപ!’ എന്ന്. കൂടെ ഒരു ചിത്രവും കൊടുത്തേക്കുന്നു. ഹൈ! എന്താ കഥ! ഇതല്ലേ അത് ? നമ്മുടെ പുതിയ കഥാപാത്രം? മീൻ വെള്ളം ഒഴിച്ചിട്ടും കരിയാതെ തിരിച്ചു വന്നവൻ ? പിള്ളാച്ചനെ കൊണ്ട് അവസാനം എരിക്കുന്നു എന്ന് പറയിച്ചവൻ ? അതെ അവൻ തന്നെ. അമ്മയും നോക്കിയിട്ട് പറയുന്നു ഇവൻ അവൻ തന്നെ! ആരാണിവൻ ? ഇവനാകുന്നു ഭൂത് ജോലോക്കിയ അഥവാ ഭൂതമുളക്. ഇംഗ്ലീഷിൽ The Ghost Pepper എന്ന് പേര്. ആസ്സാമും നാഗാലാന്റും ആണത്രേ ഇവന്റെ ജന്മദേശങ്ങൾ! 2007 ലെ ഗിന്നസ് ലോക റെക്കോഡ് പ്രകാരം ഇവനായിരുന്നു ലോകത്തെ ഏറ്റവും എരിവുള്ള മുളക്. 2012 ൽ  Trinidad Moruga Scorpion ഇവനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അപ്പൊ അന്ത ട്രിനിഡാഡ്  തേളിന്റെ എരിവ്  എന്തായിരിക്കും! ഭൂതമുളക്, ആ പേര് നല്കിയത് ആരായിരിക്കുമോ എന്തോ ! എന്തുതന്നെ ആയിരുന്നാലും അത് ഒരൊന്നൊന്നര പേര് തന്നെ. പിശാചുക്കൾ ഇത്തന്നെയാവും കഴിക്കുക. ഇവന് രാജമുളക് , വിഷമുളക് എന്നൊക്കെ പേരുണ്ട് പോലും! എല്ലാം ചേരുന്നത് തന്നെ.

മുളകുകളുടെ എരിവു നിർണ്ണയിക്കുന്ന സ്കോവിൽ സ്കെയിലിൽ ഇവന്റെ എരിവ്  855,000 heat units (SHU)  ആണ് പോലും! സാധാരണ റെഡ് പെപ്പർ സോസിന്റെ എരിവ് 2500 മുതൽ 5000 വരെ ആയിരിക്കുമ്പോൾ ആണ് ഇവന്റെ എരിവിന്റെ ഒരു മാരകത്വം(!) നമുക്ക് മനസ്സിലാവുക. 2005 ൽ ന്യൂ മെക്സിക്കോ സ്റേറ്റ് യൂനിവെഴ്സിടി കിളിർപ്പിച്ചെടുത്ത ഭൂതമുളകിന്റെ എരിവ് 1,001,304 SHU ആയിരുന്നുവത്രെ! (വിക്കി പറയുന്നതാണ് ഇതെല്ലാം) ആലോചനാമൃതം മാത്രമായി അക്കാര്യം നമുക്ക് വിടാം.

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , ഞങ്ങളൊക്കെ കൊറച്ച്  റോയൽ സ്പൈസ് ആണ് ഉപയോഗിക്കുന്നതെന്ന്. ച്ചാൽ 50000 ഉറുപ്യ കിലോയ്ക്ക് വെലയുള്ള മുളക് ഉപയോഗിക്കുമ്പോൾ റോയൽ ആവാണ്ടെ തരമില്ലല്ലോ.

അതുകൊണ്ട് എല്ലാരും കൊറച്ച് ‘ഫയ – ഫക്തി- ബഹുമാനങ്ങളോടെ’ പെരുമാറിക്കൊള്ളണം. ഇല്ലെങ്കിൽ ഭൂതമുളക്  എടുത്ത് കണ്ണിൽ  തേച്ചു കളയും – ങാഹാ! അത്രയ്ക്കായോ!

Mathrubhumi link : http://www.mathrubhumi.com/story.php?id=396376

Leave a comment